വയനാട് ദുരന്തം: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ:
ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്.മത്സരം ഇനി സെപ്റ്റംബറിൽ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം മത്സരം നടത്താനാണ് ആലോചിക്കുന്നത്