ഉള്ളൊഴുക്ക്

ഉള്ളൊഴുക്ക്
കുടുംബം എന്ന എസ്റ്റാബ്ലിഷ്മെൻ്റ് മാനസിക സംഘർഷങ്ങളുടെ മൊത്തവിതരണ ശാലയാകുന്നു അവിടത്തെ വെറും കൊടുക്കൽവാങ്ങലുകൾ നടത്തുന്നവർ മാത്രമാവുന്നു കൂടാരവാസികൾ കുടുംബത്തിൻ്റെ ആന്തരികാവയവങ്ങളിൽ നിറഞ്ഞിരിക്കുന്ന ദുർനീരു് പുറത്ത് പൊട്ടിയൊലിച്ച് മറ്റുള്ളവർ കാണാതിരിക്കുവാൻ ശ്രദ്ധവക്കുന്ന ലീലാമ്മയും സ്നേഹത്തിൻ്റെ മുന്നിൽ മറ്റെല്ലാ കെട്ടുപാടുകൾക്കും നിലനിൽപ്പില്ലായെന്നും സാമ്പ്രദായിക ശീലങ്ങൾ തകർത്ത് അവിടെ സ്വാതന്ത്ര്യത്തിൻ്റെ കാറ്റുവീശണമെന്നും ആഗ്രഹിച്ചു കൊണ്ട് വിപരീത ദിശകളിലേക്കു് സഞ്ചാരത്തെ തള്ളിവിടുന്ന ലീല അഞ്ചുമാരുടെ ഉള്ളിലൊഴുകുന്ന ലാവാപ്രവാഹത്തെ തണുപ്പിക്കുവാനെന്നവണ്ണം പെയ്യുന്ന മഴയും അവക്കിടയിൽ തണുത്തു കിടക്കുന്ന മരണവും ചേർന്ന് ഉള്ളുലച്ചു കളയുന്ന സിനിമ. ശരിക്കും മലയാളി സ്ത്രീകളുടെ ഉള്ളിലേക്ക് പരകായ പ്രവേശം നടത്തി ഉള്ളിലുള്ളതെല്ലാം കുടഞ്ഞ് പുറത്തിടുവാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ …….തറവാടു മഹിമ നോക്കി കല്യാണം നടത്തിക്കൊടുക്കുന്ന മാതാപിതാക്കൾ മനസ്സമ്മതത്തിന് പകരം മരണ സമ്മതമാണ് പലപ്പോഴും നൽകുന്നതെന്നു തോന്നിപ്പോകും വിധം കഥാപാത്രം ശക്തിയാർജിച്ചതാണ് ഒരു ചെറിയ ചിത്രം ചുറ്റുവട്ടത്തു തന്നെ കിടന്നു കറങ്ങിയിട്ടും ഒട്ടുംതന്നെ വിരസത അനുഭവിപ്പിക്കുന്നേയില്ല കൂടാതെ മഴയിലും വെള്ളത്തിലും തുറന്നു വച്ചു വായിക്കുവാൻ തരുന്നത് കൂട്ടനാട്ടുകാരുടെ ജീവിത പുസ്തകമാണ്
കഥാപാത്രങ്ങൾക്കായി അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ സംവിധായകന് ഒരു തെറ്റും പറ്റിയിട്ടില്ല ലീലാമ്മയും അഞ്ചുവും ഉർവ്വശിയുടേയും പാർവ്വതിയുടേയും കൈകളിൽ ഭദ്രം….. മറ്റുള്ളവരും ഒട്ടും മോശമാക്കിയില്ല….. നല്ല ദൃശ്യഭംഗിക്ക് മറ്റ് തൊങ്ങലുകൾ ഒന്നും ചാർത്തിയിട്ടില്ലാത്തതിനാൽ തന്നെ ഒരു സത്യസന്ധതയുണ്ട്. ഒന്നു പറയാതെവയ്യ ശബ്ദമിശ്രണം അതാരു നടത്തിയതാണെങ്കിലും നൂറുമാർക്ക്
കെട്ടുകൾ പൊട്ടിച്ചെടുത്ത് പുറപ്പെട്ടിടത്ത് എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യ ദാഹങ്ങളും കാമനകളും ഉള്ളിലൊതുക്കി പാരമ്പര്യ കൂടാരത്തിലേക്ക് അഞ്ചുവിൻ്റെ തിരിച്ചു പോകൽ കുറച്ച് അതുവരെ ഉയർത്തിക്കൊണ്ടു വന്ന പുരോഗമനപരമായ ചിന്തകളെ താഴ്ത്തിക്കെട്ടിയെന്നതും പറയാതെ വയ്യ
എങ്ങനെയായാലും ആ മരണത്തിൻ്റെ മരണ വെള്ളത്തിൻ്റെ മരണമഴയുടെ തണുപ്പ് ഉള്ളിൽ നിന്നൊഴുകിപ്പോകാൻ ദിവസങ്ങളെടുക്കും ഉറപ്പ്……..
