സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു

 സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു

തിരുവനന്തപുരം:

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്‌ വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച്‌ ചുമതല ഏറ്റെടുത്തു.

ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്‌ വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.

1991 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

പൊലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.

പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News