ന്യൂയോർക്ക് മേയറുടെ നിയമോപദേഷ്ടാവായി ‘അൽ-ഖ്വയ്ദ അഭിഭാഷകൻ’; സൊഹ്റാൻ മംദാനിയുടെ തീരുമാനം വിവാദത്തിൽ
ന്യൂയോർക്ക്:
ന്യൂയോർക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സൊഹ്റാൻ മംദാനിയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തുന്നു. വിവാദ അഭിഭാഷകനും സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) നിയമ പ്രൊഫസറുമായ റാംസി കാസെമിനെ തന്റെ ഉന്നത നിയമ ഉപദേഷ്ടാവായി മംദാനി തിരഞ്ഞെടുത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.
അൽ-ഖ്വയ്ദ ഭീകരർക്കായി കോടതിയിൽ ഹാജരായിട്ടുള്ള വ്യക്തിയാണ് റാംസി കാസെം എന്നതാണ് പ്രധാന ആരോപണം. അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ അഹമ്മദ് അൽ-ദർബിക്ക് വേണ്ടി കാസെം കോടതിയിൽ വാദിച്ചിട്ടുണ്ട്. സിറിയയിൽ ജനിച്ച ഈ അക്കാദമിക് വിദഗ്ദ്ധൻ നേരത്തെ ബൈഡൻ ഭരണകൂടത്തിൽ ഇമിഗ്രേഷൻ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, ഭീകരവാദികളുമായുള്ള അദ്ദേഹത്തിന്റെ നിയമപരമായ ബന്ധം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ; ചരിത്രം കുറിച്ച് മംദാനി
വിവാദങ്ങൾക്കിടയിലും ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി ചുമതലയേറ്റു. ഖുർആനിൽ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളി രാമ ദുവാജിയും ചടങ്ങിൽ മംദാനിക്കൊപ്പമുണ്ടായിരുന്നു. “ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന്” അധികാരമേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, നിർണ്ണായകമായ നിയമോപദേശക സ്ഥാനത്തേക്ക് കാസെമിനെപ്പോലൊരു വ്യക്തിയെ കൊണ്ടുവന്നത് നഗരത്തിന്റെ സുരക്ഷയെയും നയങ്ങളെയും ബാധിക്കുമെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ഈ നിയമനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകാനാണ് സാധ്യത.
