ഡ്രൈവിങ് ടെസ്റ്റിന് പുതിയ സർക്കുലർ

തിരുവനന്തപുരം:
പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 60 ആക്കി ഗതാഗത കമ്മീഷണർ ബുധനാഴ്ച സർക്കുലർ പുറപ്പെടുവിച്ചേക്കും. പുതുതായി 40 പേർക്കും നേരത്തെ പരാജയപ്പെട്ട 20 പേർക്കും അവസരം നൽകാമെന്നാണ് പുതിയ തീരുമാനം. ദിവസവും നൂറിലധികം പേരെ ടെസ്റ്റിൽ വിജയിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കായി കഴിഞ്ഞ ദിവസം പ്രത്യേക ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ മുക്കാൽഭാഗം ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി കെ ബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ 30 എന്നാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് 60 ആക്കി ഉയർത്തിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിൽ വരുത്തിയ പരിഷ്ക്കാരത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) വ്യാഴാഴ്ച മുതൽ സമരം നടത്തും.