നിലമ്പൂർ എംഎൽഎ അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിലമ്പൂർ എംഎൽഎ അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥർ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.