പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്പെൻഷൻ

പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടി. എസ്പിയെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ മലപ്പുറം എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നേരത്തെ സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.