ബാബാ രാംദേവിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

പതഞ്ജലിയുടെ ഔഷധ ഉൽപ്പന്നങ്ങൾ പരസ്യങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാബാ രാംദേവിനെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമർശിച്ചു. കോടതിയിൽ ഹാജരായ ബാബാ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും കോടതി അത് ചെവികൊണ്ടില്ല.
ബാബ രാംദേവിനോടും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം, പതഞ്ജലി ആയുർവേദ് ഒരു സത്യവാങ്മൂലത്തിൽ നിരുപാധികം മാപ്പ് പറഞ്ഞു. പതഞ്ജലിയുടെ ഉദ്ദേശ്യം ഈ രാജ്യത്തെ പൗരന്മാരെ അതിൻ്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രോത്സാഹിപ്പിക്കുക മാത്രമാണെന്ന് പ്രസ്താവിച്ചു.