കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി

 കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി.

അമിത് ഷാ വാക്ക് പാലിച്ചുവെന്ന് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ജോസഫ് പാമ്പ്ലാനി ആവശ്യപ്പെട്ടു

.

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനു ശേഷം രണ്ടു മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമ്പോള്‍ മറ്റാരേക്കാളും ആശ്വാസം കൊള്ളുന്നത് സംസ്ഥാന ബിജെപി നേതൃത്വമാണ്. പ്രശ്‌നം നീണ്ടു പോകും തോറും അത് കേരളത്തിലെ ക്രിസ്തീയ സമൂഹത്തിലുണ്ടാക്കുന്ന പ്രതിഷേധം ബിജെപി വിരുദ്ധതയായി ആളിക്കത്തുമോ എന്ന ഭയം ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു.

ഉടൻ തന്നെ ബിജെപിയിലെ ക്രിസ്ത്യൻ നേതാക്കളെ ഛത്തീസ്ഗഡിലേക്ക് അയയ്ക്കാൻ പാർട്ടി നിർബന്ധിതമായതും ഇക്കാരണത്താലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ പ്രശ്നം തിരിച്ചടിയാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കന്യാസ്ത്രീകളെ എത്രയും വേഗം പുറത്തിറക്കാൻ പ്രധാനമന്ത്രിയോടും അമിത് ഷായോടും ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ നേരിട്ട് അഭ്യർഥിച്ചു.

ഇതോടെ സംഘപരിവാറിൻ്റെ പതിവ് പിടിവാശികൾ ഒഴിവാക്കി കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് നിർദേശം നൽകി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ആദ്യം എതിർത്ത പ്രോസിക്യൂഷൻ എൻഐഎ കോടതിയിൽ നിലപാട് മാറ്റി. ഇതിനെത്തുടർന്നാണ് ഒൻപതാം ദിവസം കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

പ്രതിഷേധം ആളിക്കത്തുമ്പോഴും ബിജെപിയെയോ കേന്ദ്ര സർക്കാരിനെയോ പേരെടുത്ത് വിമർശിക്കാൻ പല മതമേലധ്യക്ഷന്മാരും തയ്യാറായില്ല. കേരളത്തിലെ ക്രിസ്ത്യൻ സമൂഹവുമായുള്ള അകൽച്ച കുറച്ചുള്ള രാഷ്ട്രീയ മുന്നേറ്റം ഇല്ലാതാകുന്നതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. ഇതര പരിവാർ സംഘടനകളുടെ എതിർപ്പ് അവഗണിച്ചും കന്യാസ്ത്രീകളുടെ എത്രയും വേഗത്തിലുള്ള മോചനം എന്ന നിലപാടിലേക്ക് എത്താൻ ബിജെപി നിർബന്ധിതമായി.

ഈ വിഷയം ബിജെപിക്കെതിരായ ക്രൈസ്തവ വേട്ടയാക്കി മാറ്റാനാണ് യുഡിഎഫിൻ്റെ ശ്രമം. കന്യാസ്ത്രീകളുടെ പ്രശ്നത്തിൽ ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ കേസ് റദ്ദാക്കുകയാണ് വേണ്ടതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിലൂടെ പ്രശ്നത്തിൽ നിന്ന് തലയൂരാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം

സംഘപരിവാറിൻ്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നിരന്തര പ്രതിഷേധങ്ങൾ ഉയർത്തി പ്രശ്നം സജീവമാക്കാൻ കോൺഗ്രസിന് ആലോചനയുണ്ട്. ലൗ ജിഹാദും വഖഫും പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ മുസ്‌ലിം വിരുദ്ധത വളർത്തിയാണ് ബിജെപി കടന്നുകയറിയത്. ഇത് മനസിലാക്കിയാണ് കന്യാസ്ത്രീ വിഷയത്തിൽ മുസ്‌ലിം ലീഗ് കന്യാസ്ത്രീകൾക്കൊപ്പം നിലപാടെടുത്തത്.

സംഭവം പുറത്തുവന്ന ഉടൻ കെപിസിസി അങ്കമാലി എംഎൽഎ റോജി എം ജോണിനെ ഛത്തീസ്ഗഡിലേക്ക് അയച്ചു. എഐസിസി നേതൃത്വവും എംപിമാരുടെ സംഘത്തെ ഛത്തീസ്ഗഡിലേക്ക് അയച്ചത് ബിജെപിയിൽ സമ്മർദം ശക്തമാക്കി. ഇടത് എംപിമാരും കോൺഗ്രസും പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അവസരം നിഷേധിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News