നിമിഷയുടെ മോചനത്തിന് ഇറാൻ ഇടപെടും
ന്യൂഡൽഹി:
യമൻ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്കായി മാനുഷിക ഇടപെടൽ നടത്താമെന്ന് ഇറാന്റെ വാഗ്ദാനം. സാധ്യമായ എല്ലാ സഹായവും നടത്താമെന്ന് ഡൽഹിയിലെ ഇറാൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്. യമനിലെ ഹൂതി വിമതരുമായി അടുത്ത ബന്ധമുള്ള ഇറാന്റെ പ്രതികരണം പ്രതീക്ഷ പകരുന്നതാണ്. യമന്റെ തലസ്ഥാനമായ സനയടക്കം രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും നിയന്ത്രിക്കുന്നത് ഹൂതികളാണ്. ഹൂതി സർക്കാരിനെ അംഗീകരിച്ച ഏക രാഷ്ട്രമായ ഇറാനാണ് ഹൂതികളെ സൈനികമായും സാമ്പത്തികമായും താങ്ങിനിർത്തുന്നത്.