വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്

കോഴിക്കോട്:
വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നാണ് വാതകം ഉള്ളിലെത്തിയതെന്നും വിദഗ്ദ സംഘം കണ്ടെത്തി. രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
കാരവനിൽ ഡിസംബർ 23 നാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാരവനിൽ ജനറേറ്റര്‍പ്രവര്‍ത്തിപ്പിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 400 പോയിന്റ് മറികടന്നിരുന്നു. പ്ലാറ്റ് ഫോമിലെ ദ്വാരം വഴി വാതകം കാരവനിലെത്തുകയായിരുന്നു. രണ്ട് മണിക്കൂറിനകം 957 PPH അളവ് കാർബൺ മോണോക്സെഡ് പടർന്നു. ഇതോടെ മരണകാരണം വ്യക്തമാവുകയായിരുന്നു.