മധുര ദീപം തെളിയിക്കൽ തർക്കം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ കസ്റ്റഡിയിൽ

 മധുര ദീപം തെളിയിക്കൽ തർക്കം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ കസ്റ്റഡിയിൽ

മധുര:

തമിഴ്‌നാട്ടിലെ മധുര തിരുപ്പരങ്കുൺട്രം മലയിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷാവസ്ഥയിലേക്ക്. ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവിനെ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് പോലീസ് നടപ്പാക്കിയില്ല. ഉത്തരവ് നടപ്പാക്കാൻ രാത്രി മലയിലെത്തിയ ഹർജിക്കാരനെയും, അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ്റെ ഉത്തരവ് പ്രകാരമാണ് ഹർജിക്കാരനായ രാമ രവികുമാർ മലയിലെത്തിയത്. എന്നാൽ, ദീപം തെളിയിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുകയാണെന്നും അതിനാൽ ആരെയും കടത്തിവിടാൻ കഴിയില്ലെന്നുമാണ് പോലീസ് അറിയിച്ചത്. നൈനാർ നാഗേന്ദ്രനും ഹിന്ദു സംഘടന പ്രവർത്തകരും പിരിഞ്ഞുപോകാൻ തയാറാകാതെ വന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോടതി ഇടപെടലും നിരോധനാജ്ഞ റദ്ദാക്കലും

തിരുപ്പരങ്കുൺട്രം മലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന ദീപത്തൂണിൽ ഇന്ന് തന്നെ ദീപം തെളിയിക്കണമെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടിരുന്നു. ദീപം തെളിയിക്കാൻ അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ, മലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയും കോടതി റദ്ദാക്കി. ഹർജിക്കാരനായ രാമ രവികുമാറിന് ദീപം തെളിയിക്കാൻ പൂർണ സംരക്ഷണം നൽകാനും കോടതി പോലീസിനോട് നിർദേശിച്ചിരുന്നു.

നിലവിൽ, കസ്റ്റഡിയിലെടുത്ത നൈനാർ നാഗേന്ദ്രനെയും മറ്റ് നേതാക്കളെയും സംഘർഷാവസ്ഥ അയഞ്ഞ ശേഷം വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇരുനൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News