ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: എ. പത്മകുമാറിന് ജാമ്യം; ജയിൽമോചിതനാകും
കൊല്ലം:
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്ന പത്മകുമാറിന്, പുതിയ ഉത്തരവോടെ ജയിൽമോചിതനാകാൻ വഴിതെളിഞ്ഞു.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചുവെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നുമാണ് പത്മകുമാർ കോടതിയിൽ വാദിച്ചത്. പ്രായമായ വ്യക്തിയാണെന്ന പരിഗണന നൽകണമെന്നും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനകളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകൾ മാത്രമാണ് താൻ നിർവ്വഹിച്ചതെന്നും അദ്ദേഹം വാദിച്ചു.
2025 നവംബറിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. മുൻ പ്രസിഡന്റ് എൻ. വാസുവിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ശബരിമല തന്ത്രിയെയും ചോദ്യം ചെയ്യാനായി ഇ.ഡി സമ്മൻസ് അയച്ചിട്ടുണ്ട്. നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
