ഇന്ത്യ ഭാരതമെന്നാകുമോ?

ഇന്ത്യയെ മാറ്റുവാൻ നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്തിൻ്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേര് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാനാണ് ആലോചനയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിൻ്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ രാജ്യത്തിൻ്റെ പേരുമാറ്റം എളുപ്പത്തിൽ സാധ്യമാക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കിൽ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളാണ് രാജ്യത്തിൻ്റെ പേരിനെക്കുറിച്ച് പരാമർശിക്കുന്നത്.
ഇന്ത്യയുടെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh) എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് 2022 ഡിസംബറില്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. 1949 സെപ്റ്റംബറിലെ ഭരണഘടനാ അസംബ്ലിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്കിയ ഇന്ത്യ എന്ന പേര് രാജ്യം കടന്നുപോയ അടിമത്ത കാലത്തെ സൂചിപ്പിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞിരുന്നു.