ജയിലിൽ ജാതി നോക്കി ജോലി കൊടുക്കരുത്
ന്യൂഡൽഹി:
ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരുടെ ജാതി നോക്കി തൊഴിലുകൾ വീതിച്ച് നൽകുന്ന സമ്പ്രദായം ഉടൻ നിർത്തണമെന്ന് സുപ്രീംകോടതി. ജയിൽ രജിസ്റ്ററുകളിൽ നിന്ന് ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണം. ജയിലുകളിലെ ജാതി വിവേചനത്തെക്കുറിച്ച് ‘ദി വയർ’ വാർത്താ പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക സുകന്യാശാന്ത നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നത് ദു:ഖകരമാണ്. സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിൽ കാതലായ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.