വനം പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ്
ന്യൂഡൽഹി:
പാരിസ്ഥിതിക അനുമതി ലഭിക്കാതെ തന്നെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകാൻ അനുമതി നൽകുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജൂലൈ, 2022 ജനുവരി മാസങ്ങളിൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരേതര സംഘടനയായ ‘വനശക്തി ‘ യുടെ ഹർജിയിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു. 2017 ൽ പാരിസ്ഥിതിക അനുമതി നേടുന്നതിന് ആറ് മാസത്തെ സാവകാശം കേന്ദ്ര സർക്കാർ അനുവദിച്ചത് മുൻകൂർ അനുമതിയില്ലാതെ തന്നെ പദ്ധതികളുമായി മുന്നോട്ടു പോകാമെന്ന സാഹചര്യമുണ്ടായി. ചട്ടവിരുദ്ധവും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് വനശക്തിയുടെ ഹർജിക്കാർ ചൂണ്ടിക്കാട്ടി.

