ഷിരൂരിൽ തിരച്ചിലിന് അനുമതിയില്ല

അങ്കോള:
മണ്ണിടിഞ്ഞ് ട്രക്ക് ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ ഞായറാഴ്ച തിരച്ചിലിനെത്തിയവർക്ക് കലക്ടർ അനുമതി നിഷേധിച്ചു. അമാവാസിയായതിനാൽ ഗംഗാവലിപ്പുഴയിൽ നീരൊഴുക്ക് കുറയുമെന്ന പ്രതീക്ഷയിലെത്തിയ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽ പെയെയും സംഘത്തേയും ഒഴുക്ക് കുറഞ്ഞില്ലെന്നു കാട്ടിയാണ് വിലക്കിയത്. സ്ഥലത്തെത്തിയ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ രണ്ടു ദിവസം കൂടി അങ്കോളയിൽ തുടരുമെന്നറിയിച്ചു. കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ മടങ്ങിയതോടെ ഇവിടുത്തെ എല്ലാത്തരത്തിലുമുള്ള തിരച്ചിലും കർണാടക സർക്കാർ അവസാനിപ്പിച്ചിരുന്നു.അർജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അർജുന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി.