മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു; സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി

പാക്കിസ്ഥാന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന മാഗസിനിലെ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടിയുടെ പരാമർശം. മുസ്‍ലിംലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തിനാണ് പാലോളി മുഹമ്മദ് കുട്ടിയുടെ വിശദീകരണം.
മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്ലിം സമുദായത്തിലുള്ള ആളുകൾ ബ്രിട്ടീഷ് അനുകൂലികൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാകിസ്ഥാൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു. അന്ന് മലബാറിലെ മുസ്ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെഎം സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്’.
അതേസമയം മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനമാണ് സിപിഎം മലപ്പുറം സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിലെ അഭിപ്രായം. ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.