കേന്ദ്രത്തിന്റെ 13608കോടിയുടെ നേരത്തെയുള്ള ഓഫർ കേരളം സ്വീകരിക്കുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം നൽകികൊണ്ട് കേന്ദ്രസർക്കാർ നേരത്തെ വാഗ്ദാനം ചെയ്ത 13608കോടി കേരളം സ്വീകരിക്കുന്നു.കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ എത്തിയവേളയിൽ തന്നെ 13608കോടിയുടെ സഹായം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അന്ന് കേരളം അത് നിരസിക്കുകയായിരുന്നു.കേസുമായി മുന്നോട്ട് പോകുമെന്നുള്ള നിലപാടാണ് കേരളം കൈകൊണ്ടത്.ഇന്ന് കേരളത്തിന്റെ വാദം കേൾക്കുന്നതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എന്തുകൊണ്ട് കേന്ദ്രം നൽകാമെന്ന് പറഞ്ഞ തുക വാങ്ങുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. അത് എത്രയും പെട്ടെന്ന് കൈപ്പറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെ ഇരു കക്ഷികളും തമ്മിൽ തുറന്ന മനസ്സോടെ കൂടുതൽ ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ തുകയിലേയ്ക്ക് കേന്ദ്രം എത്തിയതെന്നായിരുന്നു ഇതിനെ സംബന്ധിച്ചു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വിശദീകരണം.അതേസമയം എന്തുകൊണ്ട് കേരളം കേസുമായി മുന്നോട്ട് പോകുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുക്കുന്ന കടം സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തരുത്. പി എഫ് ഉൾപ്പെടെയുള്ള തുക പബ്ലിക് ഫണ്ട് അക്കൗണ്ട് സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ ഭാഗമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം.ചുരുക്കത്തിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയ്ക്കെതിരെയാണ് കേരളത്തിന്റെ ഹർജിയെന്ന് സാരം.