എ രാജയ്ക്ക് എംഎൽഎ ആയി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത് . സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്
ഇടുക്കി:
ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സിപിഎം എംഎല്‍എ അഡ്വ എ. രാജക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി. എ രാജയെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ദേവികുളം തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചു. എംഎൽഎ സ്ഥാനത്ത് തുടരാൻ അനുമതി നല്കിയ സുപ്രീം കോടതി എംഎല്‍എയ്ക്ക് ലഭ്യമാകുന്ന എല്ലാം ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും ഉത്തരവിട്ടു. ഇതുവരെ തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി . ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത് . സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.