ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങൾ

ന്യൂഡല്‍ഹി:
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങൾ. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. നിലവില്‍ ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ബിജെപി 48 ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. എഎപിക്ക് 42 ശതമാനവും കോണ്‍ഗ്രസിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 3 ശതമാനവും വോട്ടുലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. പുരുഷന്മാരില്‍ 50 ശതമാനത്തോളവും സ്ത്രീകളില്‍ 46 ശതമാനവും ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. എഎപിക്ക് യഥാക്രമം 40, 44 ശതമാനമാണ് പിന്തുണ. ഇരുവിഭാഗത്തിലും കോണ്‍ഗ്രസിന് 7 ശതമാനം പിന്തുണയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
ടുഡെയ്സ് ചാണക്യ ബിജെപിക്ക് 51 സീറ്റുകളും (6 എണ്ണം കൂടാനോ കുറയാനോ സാധ്യത) എഎപിക്ക് 19 സീറ്റുകളും(6 എണ്ണം കൂടാനോ കുറയാനോ സാധ്യത) പ്രവചിക്കുന്നു. എസ് സി വോട്ടുകളിൽ 47 ശതമാനം ബിജെപിക്കും 44 ശതമാനം എഎപിക്കും ലഭിക്കുമെന്ന് ടുഡെയ്സ് ചാണക്യ പറയുന്നു. എന്നാൽ ഇത് യഥാക്രമം 39, 51 ആണെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ സൂചിപ്പിക്കുന്നു.