ആദിത്യ എൽ 1 പേടകം ഹാലോ ഓർബിറ്റിൽ
തിരുവന്തപുരം:
ഇന്ത്യയുടെ പ്രഥമ സൂര്യനിരീക്ഷണ ഉപഗ്രഹം ലക്ഷ്യം കണ്ടു. സൗരപര്യവേഷണ രംഗത്ത് ചരിത്രം സൃഷ്ടിച്ച് ആദിത്യ 1 ശനിയാഴ്ച വൈകിട്ട് 4.11ന് 127 ദിവസത്തെ യാത്രക്കൊടുവിൽ ഹാലോ ഓർബിറ്റിൽ പഥപ്രവശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ. സൂര്യനെ സൂക്ഷ്മമായി പഠിക്കാൻ കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ആദിത്യ വിക്ഷേപിച്ചത്. ഭൂമിയുടേയും സൂര്യന്റേയും ഗുരുത്വാകർഷണബലം തുല്യമായ സാങ്കൽപ്പിക ബിന്ദുവിനു ചുറ്റുമുള്ള ത്രിമാന പഥത്തിലാണ് ആദിത്യ സ്വയംഭ്രമണം ചെയ്യുന്നത്.ഇതിനു മുമ്പ് നാസ, യൂറോപ്യൻ സ്പെയ്സ് ഏജൻസി, ചൈന, ജപ്പാൻ സ്പെയ്സ് അഡ്മിനിസ്ടേഷൻ എന്നിവയാണ് ഈ രംഗത്ത് വിജയംകൈവരിച്ചിട്ടുള്ളതു്.തദ്ദേശീയമായി വികസിപ്പിച്ച ആദിത്യ എൽ 1 സൂര്യ പര്യവേക്ഷണ രംഗത്ത് വഴിത്തിരിവാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ് പറഞ്ഞു.