ഗ്രാമങ്ങളിൽ കുട്ടിബസ്സുമായി കെഎസ്ആർടിസി
തിരുവനന്തപുരം:
ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസ്സുമായി കെഎസ്ആർടിസി. 28 – 32 സീറ്റുള്ള ബസ്സുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്ക്കാൻ കഴിയുമെന്നതാണ് നേട്ടമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു.ടാറ്റയുടെ 32 സീറ്റുള്ള ബസ്സിന്റെ ട്രയൽ റൺ അദ്ദേഹം നിർവഹിച്ചു. കെഎസ്ആർടിസി സിഎംഡിയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതൽ ശംഖുംമുഖം വരെ മന്ത്രി ബസ്സ് ഓടിച്ചു. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ് ടാറ്റയുടെ മാർക്കപോളോ സീരീസിൽപ്പെട്ടതാണ്. ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ് കുട്ടി ബസ് ഓടിക്കുക. വെള്ളിയാഴ്ച മുതൽ രാവിലെ 6.40 ന് പത്തനാപുരം ഡിപ്പോയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തും. ദിവസം എട്ട് സർവീസുണ്ടാകും. പത്തു ദിവസത്തിനകം തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും പരീക്ഷ ണാടിസ്ഥാനത്തിൽ സർവീസ് നടത്തും.