വനിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:
സംസ്ഥാന വനിതാ പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വിഭാഗത്തിൽ തൊടുപുഴയിലെ ജിലു മോൾ മാരിയറ്റ് തോമസ്, സാമൂഹ്യ സേവനരംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെൺകൂട്ട്, വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ അന്നപൂർണി സുബ്രമഹ്മണ്യം എന്നിവർ അർഹരായി. സ്ത്രീശാക്തീകരണ രംഗത്ത് 25 വർഷത്തെ അധ്യായം എഴുതിച്ചേർത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കാൻ വഴിവച്ച കുടംബശ്രീക്ക് വനിതാശിശുവികസനവകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്കാരം നൽകും.അന്താരാഷ്ട്ര വനിതാദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാരത്ന പുരസ്കാര വിതരണവും വ്യാഴാഴ്ച മൂന്ന് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.