മന്ത്രി ധനസഹായ ഉത്തരവ് കൈമാറി
നിലമ്പൂർ:
ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് പൂച്ചപ്പാറ മണിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായത്തിന്റെ ഉത്തരവ് മന്ത്രി എ കെ ശശീന്ദ്രൻ കൈമാറി.ഒന്നര മണിക്കൂറോളം ഉൾ വനത്തിലൂടെ സഞ്ചരിച്ച് കണ്ണിക്കൈയിൽ നേരിട്ടെത്തിയാണ് അഞ്ചു ലക്ഷം രൂപ മണിയുടെ മകൾ മീനയ്ക്ക് മന്ത്രി കൈമാറിയത്. മണിയുടെ സഹോദരൻ അയ്യപ്പൻ, ഭാര്യാ പിതാവ് കണ്ണൻ, കുടുംബാംഗങ്ങളായ വിനോദ് സി മാഞ്ചരി, മനീഷ്, ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. 10 ലക്ഷം രൂപയാണ് മണിയുടെ കുടുംബത്തിന് പ്രഖ്യാപിച്ചതു്. അടിയന്തിരസഹായമായാണ് അഞ്ചു ലക്ഷം രൂപ അനുവദിച്ചത്. ധനസഹായം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.