ഇസ്രയേൽ – ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടു.
ഗാസാ സിറ്റി:രണ്ടു ദിവസമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം നൂറു കണക്കിന് ജീവൻ അപഹരിച്ചു. മരിച്ചവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധം തുടർന്ന് ഇതുവരെ 10500 ൽ പരം പാലസ്തീനികളാണ് കൊല്ലപ്പെട്ടതു്. ഗാസ മുനമ്പിനെ തെക്കും വടക്കുമായി രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു.
ഹമാസ് ബന്ദികളാക്കിയ 240 ഇസ്രയേലി പൗരൻമാരെ മോചിപ്പിക്കാതെ വെടി നിർത്തലിനില്ലെന്ന് ടെൽ അവീവിനെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളുണ്ട്. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും ഇസ്രയേൽ സൈന്യം ഗാസയിൽ തുടരുമെന്ന് പ്രധാമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

കുട്ടികളുടേയും സ്ത്രീകളുടേയും ശവപ്പറമ്പായി ഗാസ മാറിയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യു എൻ മനുഷ്യാവകാശ സംഘടന ഗാസയ്ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ – ഹമാസ് യുദ്ധം ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഗാസയിൽ വെടി നിർത്തലേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വൻപ്രതിഷേധം നടക്കുകയാണ്. തകർന്നടിഞ്ഞ ഗാസയിൽ ആശുപത്രി സ്ഥാപിക്കുമെന്ന് യു. എ.ഇ സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ ആയിരം കുട്ടികളെ യുഎഇയിൽ എത്തിച്ച് ചികിത്സിക്കുമെന്നും അവിടത്തെ സർക്കാർ അറിയിച്ചിട്ടുണ്ട്.


