ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ കുറവ്
ന്യൂയോർക്ക്:
ഇലക്ട്രറൽ വോട്ടിലും ജനകീയ വോട്ടിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തിയ റിപ്പബ്ലിക്കൻ നേതാവ് ഡോണാൾഡ് ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ ഇടിവ്. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ട്രoപിന് കിട്ടിയ ജനകീയ വോട്ട് 7.42 കോടിയാണ്. ഇത്തവണ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ട്രംപിന് സമാഹരിക്കാനായത് 7,26,52, 827 വോട്ടാണ്. കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് ലഭിച്ച 8.13 കോടി വോട്ടിന്റെ അടുത്തുപോലും എത്താൻ ട്രംപിന് കഴിഞ്ഞില്ല. കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 6,79,41,881 വോട്ടാണ്. 294 ഇലക്ട്രറൽ വോട്ടുകളാണ് ഇതു വരെ ട്രംപിന് ലഭിച്ചത്. കമലയ്ക്ക് 223ഇലക്ട്രറൽ വോട്ടുകളും ലഭിച്ചു.