സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ജൂൺ 9ന്

തിരുവനന്തപുരം:
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ 494 സീറ്റുകള്‍ കൂടിയുണ്ട്.
ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകര്‍ കൂടി ശേഷിക്കുന്നുണ്ട്.
ഒന്‍പതിന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്‍റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്മെന്‍റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ പൂർത്തിയാക്കും. തുടർന്ന് ജൂൺ 18 ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.