V NARAYANAN ISRO NEW CHAIRMAN __ വി.നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്

ന്യൂഡല്‍ഹി:
ഡോ.വി നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്. കന്യാകുമാരി സ്വദേശിയായ നാരായണന് നിലവില്‍ എല്‍പിഎസ് സി മേധാവിയാണ്. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ് വി. നാരായണന്.
1984ലാണ് നാരായണന് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് നാരായണന്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്പിഎസ്സി) ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന തുടക്കകാലത്ത് വിഎസ്എസ്സിയിലെ (വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം) സൗണ്ടിങ് റോക്കറ്റുകളുടെയും ഓഗ്മെന്റ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, പിഎസ്എല്‍വിയുടെ (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു.
അബ്ലേറ്റീവ് നോസല്‍ സിസ്റ്റങ്ങള്‍, കോമ്പോസിറ്റ് മോട്ടോര്‍ കേസുകള്‍, കോമ്പോസിറ്റ് ഇഗ്നൈറ്റര്‍ കേസുകള്‍ എന്നിവയുടെ പ്ലാനിങ്ങിലും കണ്ട്രോളിങ്ങിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അഭിനന്ദാര്‍ഹമാണ്. ഐഎസ്ആര്‍ഒയിലെ ജോലി മികവിന് അടക്കം നിരവധി അവാര്‍ഡുകളും നാരായണനെ തേടിയെത്തിയിട്ടുണ്ട്.