കർഷക സമരത്തിൽ ഡൽഹിയിൽ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി:
നോയിഡ എക്സ്പ്രസ് ഹൈവേയിൽ കർഷകർ സംഘടിപ്പിച്ച സമരം വ്യാഴാഴ്ച സമാപിച്ചു. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാമെന്ന് പൊലീസും അധികൃതരും ഉറപ്പ് നൽകി. തുടർന്ന് ആറു മണിക്കൂറിനുശേഷം നോയിഡ – ഡൽഹി പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ മാർച്ചിന് പാർലമെന്റിലേക്ക് കിസാൻ മഹാപഞ്ചായത്ത് നീങ്ങിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായിരുന്നു. ഗതാഗതം തടസ്സപ്പെടുകയും അതിർത്തികൾ ബാരിക്കേഡുകൾ വച്ച് അടയ്ക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ അധികൃതർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.അതേസമയം, നോയിഡയിലും,ഗ്രേറ്റർ നോയിഡയിലും സമരം തുടരും. താങ്ങുവില ഉറപ്പാക്കൽ നിയമം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.