ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല:പ്രധാനമന്ത്രി

ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു.
പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനും കൂട്ടുകക്ഷികള്‍ക്കും ആവില്ലെന്നും മോദി പറഞ്ഞു. പാകിസ്ഥാൻ അജണ്ട ഇവിടെ മുന്നോട്ട് വയ്ക്കരുതെന്നും കശ്മീരിനായി വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും മോദി കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. ജമ്മുകശ്മീർ നിയമസഭയിൽ പ്രമേയത്തെ എതിർത്ത ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കിയതായി അദ്ദേഹം പറഞ്ഞു.