മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ:പി വി അന്‍വര്‍

തിരുവനന്തപുരം:
ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്നും വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടിയെന്നും അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗവർണറെ അറിയിച്ചു. സ്വർണം പൊട്ടിക്കൽ എല്ലാ വിവരങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ല. സ്വർണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിക്കുന്നു.