അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ ആക്രമണം,ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം

കഴിഞ്ഞ ദവസം രാത്രിയിൽ അതിർത്തിക്കടുത്തുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് പിന്നാലെ സമാന ശ്രമവുമായി പാകിസ്ഥാൻ. ജമ്മു കശ്മീർ, സാംബ പഞ്ചാബിലെ പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ആക്രമണം ഇന്ത്യൻ സേന ഫലപ്രദമായി തടഞ്ഞതായും റിപ്പോർട്ട്.
ജമ്മു, സാംബ, രജൗരി, ഉദംപൂർ, നഗ്രോട്ട, റിയാസി, അവന്തിപോര, പൂഞ്ച്, അഖ്നൂർ, പഞ്ചാബിലെ പത്താൻകോട്ട്, അമൃത്സർ എന്നിവിടങ്ങളിൽ ഡ്രോണുകൾ കണ്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. തുടർച്ചയായ രണ്ടാം രാത്രിയിലും ജമ്മുവിൽ വൈദ്യുതി വിച്ഛേദിച്ചു. മേഖലയിൽ സ്ഫോടന ശബ്ദങ്ങളും സൈറണുകളും കേട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പത്താൻകോട്ട്, ഫിറോസ്പൂർ ജില്ലകളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു എന്നാൽ ശബ്ദത്തിന് കാരണമെന്താണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും ഇത് ഫലപ്രദമായി ഇന്ത്യൻ സൈന്യം പ്രതിരോധിച്ചതായും റിപ്പോർട്ടുണ്ട്.