ശബരിമലയിലെ ആസ്തി പ്രസിദ്ധപ്പെടുത്തില്ല
കൊച്ചി:
ശബരിമല ക്ഷേത്രത്തിലെ വസ്തുവകകളുടെ ആസ്തിമൂല്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നും അത് പൊതുതാല്പര്യത്തിനും ക്ഷേത്ര സുരക്ഷയ്ക്കും എതിരാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ആസ്തി മൂല്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നിയമപരമായ അധികാരമുള്ളവർ അത് പരിശോധിക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി നിർണയിച്ച് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ബോർഡ് ഇക്കാര്യം അറിയിച്ചത്. ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം, വെള്ളി എന്നിവയുടെ കണക്ക് ഹർജിക്കാരന് വിവരാവകാശ നിയമപ്രകാരം ലഭിച്ചെങ്കിലും ആസ്തി മൂല്യം വ്യക്തമാക്കിയിരുന്നില്ല.