റാമോജി റാവു വിടവാങ്ങി, ഫിലിം സിറ്റിയിലെ സ്മൃതി വനത്തിൽ അന്ത്യവിശ്രമം

ഹൈദരാബാദ്:
റാമോജി ഫിലിം സിറ്റി സ്ഥാപകനും വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു(87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ശനിയയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്. പത്ര പ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾക്ക് 2016 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഏറ്റവും പ്രചാരമുള്ള തെലുഗു പത്രം ഈനാട്, ഇടിവി ചാനൽ, ഡിജിറ്റൽ മീഡിയ, ഇടിവി ഭാരത്, ഈനാട് ജേർണലിസം, മയൂരി ഫിലിം സിസ്ട്രിബ്യൂഷൻ, കലാഞ്ജലിമാൾ തുട ങ്ങിയ സംരംഭങ്ങളടങ്ങുന്ന രാമോജി ഗ്രൂപ്പ് ചെയർമാനാണ്. 1936 നവംബർ 16 ന് ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡ പരുപ്പുടിയിലെ കർഷകൂടുംബത്തിലായിരുന്നു ജനനം. 1996 ൽ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി ഹൈദരാബാദിൽ സ്ഥാപിച്ചു.

പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം, സിനിമ, വ്യവസായം എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളിൽ വാക്കുകൾക്കതീതമായ സംഭാവനകൾ നൽകിയ റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ കൂടിയായ റാമോജി റാവുവിന് ഔദ്യോഗിക ബഹുമതികളോടെയാണ് അന്ത്യയാത്ര നൽകിയത്. രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. മരണത്തിന് മുമ്പ് തന്നെ ഫിലിം സിറ്റിയിൽ റാമോജി റാവു തനിക്കായി സ്മൃതിവനം എന്ന പേരിൽ സ്മാരകം പണിഞ്ഞിരുന്നു. ഇവിടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.


ശനിയാഴ്ച (ജൂൺ 08) മുഴുവൻ പൊതുദർശനത്തിനായി ഫിലിം സിറ്റിയിലെ കോർപ്പറേറ്റ് ഓഫിസിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തെലങ്കാന സർക്കാരിന് വേണ്ടി പൊലീസ് സല്യൂട്ട് നൽകി ആദരിച്ചു. തുടർന്ന് പുഷ്പങ്ങളാൽ അലങ്കരിച്ച വൈകുണ്ഠ രഥത്തിലേക്ക് മാറ്റിയ ഭൗതിക ശരീരവുമായി അന്ത്യയാത്ര ആരംഭിച്ചു.

വഴിനീളെ പുഷ്പവൃഷ്ടിയുമായി പ്രിയപ്പെട്ട ‘റാമോജി ഗാരുവി’നെ അവസാനമായി ഒരുനോക്കുകാണാൻ ആളുകൾ കണ്ണീരോടെ കാത്തുനിന്നു. അദ്ദേഹം കെട്ടിപ്പടുത്ത ഇടിവി ഭാരത്, ഇടിവി, ഈനാട് എന്നിവയുടെ കൂറ്റൻ ഓഫിസ് സമുച്ചയങ്ങൾക്ക് മുന്നിലൂടെയാണ് അന്ത്യയാത്ര കടന്നുപോയത്. തൊഴിലും ജീവിതവും നൽകിയ ‘അന്നദാതാ’വിന് അതത് വകുപ്പുകളിലെ ജീവനക്കാർ ആദരവോടെ അന്തിമ വിട നൽകി.
റാമോജി റാവുവിന്റെ മകൻ ഈനാടു എംഡി സി എച്ച് കിരൺ, മരുമക്കൾ ഷൈലജ കിരൺ, വിജയേശ്വരി, കൊച്ചുമക്കളായ സഹരി, ബൃഹതി, ദിവിജ, കീർത്തി സോഹന, സുജയ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ അദ്ദേഹത്തിന് അകമ്പടിയേകി. ഇവർക്കൊപ്പം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ, തെലങ്കാന മന്ത്രി തുമ്മല നാഗേശ്വര റാവു, മുൻ കേന്ദ്രമന്ത്രി എംഎൽഎ സുജന ചൗധരി തുടങ്ങിയവരും വാഹനത്തിൽ ഉണ്ടായിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, മുരളി മോഹൻ, തെലങ്കാന മന്ത്രിമാരായ ജൂപള്ളി കൃഷ്ണറാവു, സീതക്ക, വെം നരേന്ദർ റെഡ്ഡി, വെനിഗണ്ടല രാമു, അരിക്കാപ്പുടി ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സിനിമ, രാഷ്ട്രീയ, പത്രപ്രവർത്തന, വ്യാവസായിക രംഗത്തെ പ്രമുഖർ നേരത്തെ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.