വെർട്ടിക്കൽ ലിഫ്റ്റ് പാലം കരിക്കകത്ത് യാഥാർഥ്യമാകുന്നു

തിരുവനന്തപുരം:
രാമേശ്വരത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലത്തിന് സമാനമായി തനിയെ ഉയർന്നു വഴിയൊരുക്കുന്ന മേൽപ്പാലം കരിക്കകത്ത് പൂർത്തിയായിവരുന്നു. ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് കരിക്കകത്ത് പാർവതീപുത്തനാറിന് കുറുകെ ലിഫ്റ്റ് ബ്രിഡ്ജ് നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജാണ് യാഥാർഥ്യമാകാൻ പോകുന്നതു്. 2.81 കോടി രൂപ ചെലവഴിച്ചാണ് 4.5 വീതിയിൽ പാലത്തിന്റെ നിർമ്മാണം. 2022 ജനുവരിയിലാണ് പാലം പണിതുടങ്ങിയത്. ലിഫ്റ്റ് ബ്രിഡ്ജിനോട് ചേർന്നാണ് ഓപ്പറേറ്റിങ് റൂമും 100 കെ വി ഡിജിറ്റൽ ജനറേറ്റർ സെറ്റും സ്ഥാപിച്ചിരിക്കുന്നത്. പാലത്തിനടിയിലൂടെ ജലഗതാഗതം സാധ്യമാക്കുന്നതിനായി കൗണ്ടർ വെയിറ്റുകളുടേയും കേബിളുകളുടേയും സഹായത്തോടെ ഇന്റീരിയർ ലിഫ്റ്റ് സ്പാനിന്റെ ഭാഗം ഉയർത്തുന്നതാണ് പ്രവർത്തനം. പൊതു മേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ( കെൽ)യ്ക്കാണ് നിർമ്മാണച്ചുമതല. ബ്രിഡ്ജിന്റെ ഉദ്ഘാടനം ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

