മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി.

ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുളള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മാത്യു കുഴൽനാടൻ പറയുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചത്. ആദായനികുതി പിടിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയതുമാണ്.
രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ ഒരു സംരംഭകയ്ക്ക് കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകന്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.