മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡിൽ; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും
പത്തനംതിട്ട:
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കും നാടകീയമായ പ്രതിഷേധങ്ങൾക്കും ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ എംഎൽഎയെ മാവേലിക്കര സബ് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്.
പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട എ.ആർ. ക്യാമ്പിൽ വെച്ച് രാഹുലിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലും കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
വഴിനീളെ പ്രതിഷേധം; സംഘർഷാവസ്ഥ
പത്തനംതിട്ട എ.ആർ. ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത് മുതൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്നത് വരെ വഴിനീളെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ എംഎൽഎയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടുകയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മിൽ പലയിടങ്ങളിലും ഉന്തും തള്ളും ഉണ്ടായി.
പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
