അമേരിക്കയ്ക്ക് ചൈനയുടെ മറുപടി

ബീജിങ്:
അമേരിക്കയുടെ സമ്മർദതന്ത്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ,അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ചൈന. മുമ്പ് പ്രഖ്യാപിച്ചിരുന്ന 84 ശതമാനമാണ് ഉയർത്തിയത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം മറ്റ് രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പ്രതികാരത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ 125 ശതമാനമായി ഉയർത്തി. മുമ്പ് പ്രഖ്യാപിച്ച 20 ശതമാനവും ചേർത്താൽ ചൈനയ്ക്കു മേൽ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.