കാരക്കോണം മെഡിക്കൽ കോളേജിനെതിരെ ആരോപണം ;ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി

 കാരക്കോണം മെഡിക്കൽ കോളേജിനെതിരെ  ആരോപണം ;ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി

തിരുവനന്തപുരം:

നെയ്യാറ്റിൻകര ആറാലംമൂട്ടിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം. നെയ്യാറ്റിൻകര സ്വദേശിനി കുമാരിയാണ് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ ഉൾപ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പരാതി.

കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ഒമ്പതാം തീയതി ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. തുടർന്ന് ഇന്നലെ കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ വരെ ആരോഗ്യവതിയായി പോയ കുമാരിയുടെ മരണകാരണം അനസ്‌തേഷ്യ നൽകിയതിൽ ഉൾപ്പെടെയുള്ള ചികിത്സ പിഴവാണെന്നും ഇവരുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയ പാടുകൾ ഇല്ലെന്നും കുടുംബം ആരോപിച്ചു.

എന്നാൽ ലേസർ തരംഗങ്ങൾ കൊണ്ട് സ്റ്റോൺ മാറ്റുന്ന ലിത്തോട്രിപ്‌സി എന്ന ശസ്ത്രക്രിയ ആണ് കുമാരിക്ക് നടത്തിയതെന്നും ഇതുകൊണ്ടാണ് ശരീരത്തിൽ ശസ്ത്രക്രിയയുടേതായി മുറിവുകൾ കാണാതിരുന്നതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ കുടുംബം വെള്ളറട പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആർ ഡി ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News