ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ന്യൂഡൽഹി:
അഗ്നിപഥ് അടക്കം സൈന്യവുമായി ബന്ധപ്പെട്ട നടപടികളിൽ ഘടക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കെ, പുതിയ കരസേനാ മേധാവിയുടെ നിയമനത്തിൽ തിടുക്കം ഒഴിവാക്കി മൂന്നാം നരേന്ദ്ര മോദി സർക്കാർ. സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കു പകരം ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. മെയ് 31 ന് വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനറൽ പാണ്ഡെയുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിയത് ഊഹാപോഹങ്ങക്ക് വഴിവച്ചിരുന്നു. 53 വർഷത്തിനിടെ കാലാവധി നീട്ടിക്കിട്ടിയ ആദ്യ കരസേനാ മേധാവിയായി ജനറൽ പാണ്ഡെ മാറി. എൻഡിഎ ഘടകകക്ഷികളുടെ എതിർപ്പ് പരിഗണിച്ച് അഗ്നിപഥ് പദ്ധതിയിൽ പുനർവിചിന്തനം നടത്താനും കേന്ദ്ര സർക്കാർ മുതിർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.