മണിപ്പൂരിൽ ഇന്ന് പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും;

ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (സെപ്‌റ്റംബര്‍ 13) മണിപ്പൂര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തി. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്. ചുരാചന്ദ്പ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
മിസോറാമില്‍ നിന്ന് ഹെലികോപ്‌റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ചുരാചന്ദ്പൂരിലേക്ക് എത്തുക. പ്രധാനമായും ഇവിടെ നടപ്പിലാക്കാന്‍ പോകുന്ന 7,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി എത്തുന്നത്. ചുരാചന്ദ്പൂരിലെ ഉദ്ഘാടനത്തിന് പുറമെ ഇംഫാലില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചതിരിഞ്ഞ് ഏകദേശം രണ്ടരയ്ക്ക് ഇംഫാലിലെ വികസന പരിപാടി ഉദ്ഘാടനം ചെയ്യും.
തൻ്റെ സന്ദര്‍ശനത്തിൻ്റെ ഉദ്ദേശം മണിപ്പൂരിൻ്റെ വികസനമാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ മോദിയുടെ സന്ദര്‍ശനം മണിപ്പൂരില്‍ കോളിളക്കം സൃഷ്‌ടിക്കുന്നുണ്ട്. തീവ്ര സംഘടനകള്‍ മണിപ്പൂരിലുടനീളം ബന്ദ് പ്രഖ്യാപിച്ചു. അതേസമയം മണിപ്പൂരിലെ വിവിധ പ്രദേശങ്ങള്‍ കടുത്ത സുരക്ഷയിലാണ്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.