കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ യുവതി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം:
നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ യുവതി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.
മരിച്ച മറ്റ് രണ്ട് പേരിൽ ഒരാൾ രക്ഷാപ്രവർത്തനത്തിനെത്തയ ഫയർഫോഴ്സ് അംഗവും മറ്റൊരാൾ യുവതിയുടെ സുഹൃത്തുമാണ്. നെടുവത്തൂർ സ്വദേശിനി അർച്ചന (33) ആണ് ഇന്ന് പുലർച്ചെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ ഫയർ & റെസ്ക്യൂ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവതിയുടെയും മറ്റ് രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല.
കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരും മരിച്ചു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.
80 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് യുവതി ചാടിയത്. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം ലഭിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ ‘അമ്മ കിണറ്റിൽ കിടക്കുകയാണ്’ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി.