ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറ്റലിയിൽ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മോദി കുറിച്ചു.