വെള്ളിത്തിരയിൽ ഏഴു ദിവസം അനന്തപുരി

തിരുവനന്തപുരം:
ഹൃദയത്തോട് ചേർത്തു പിടിക്കാൻ ഇനി ഏഴു ദിവസം. മടുപ്പില്ലാത്ത വെള്ളിത്തിരക്കാഴ്ചകളുമായി ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെ വരവേറ്റ് തലസ്ഥാന നഗരം. വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ 29-ാമത് കേരള – രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയായി. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് സമഗ്ര സംഭാവനാ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്പവുമാണ് അവാർഡ്.ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതുല്യ പ്രതിഭ, അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന ശബാന ആസ്മിയെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ഡിസംബർ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 13,000ൽപരം ഡെലിഗേറ്റുകളും,നൂറോളം ചലച്ചിത്ര പ്രവർത്തകരും മേളയുടെ ഭാഗമാകും.