കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ നഗരം

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ നഗരം. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസന്റെ നേതൃത്വത്തിൽ നടത്തിയ കുടിയേറ്റ വിരുദ്ധ, “യുണൈറ്റ് ദി കിംഗ്ഡം” റാലിയിൽ പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങളെത്തി.
അതേസമയം വൈറ്റ്ഹാളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെതിരെ കുപ്പികളും മറ്റും വലിച്ചെറിയുകയും സംഘർഷവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പ്രതിഷേധത്തെ നേരിടാനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.സെന്റ് ജോർജ്ജ് പതാകകളും യൂണിയൻ ജാക്കും വഹിച്ചുകൊണ്ട് “നമ്മുടെ രാജ്യം തിരികെ വേണം” എന്ന് മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ആളുകൾ “യുണൈറ്റ് ദി കിംഗ്ഡം” പങ്കെടുത്തത്. റോബിൻസന്റെ അനുയായികൾ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയും കൊല്ലപ്പെട്ട യുഎസ് യാഥാസ്ഥിതിക പ്രവർത്തകൻ ചാർളി കിർക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു.