ആരോഗ്യശാസ്ത്ര സർവകലാശാല കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കം: ഉദ്ഘാടനം ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടൻ നിർവഹിച്ചു
റിപ്പോര്ട്ട് :ചെമ്പകശ്ശേരി ചന്ദ്രബാബു
തൃശൂർ /കുന്നംകുളം: പന്ത്രണ്ടാമത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർ കോളീജിയേറ്റ് അത്‌ലറ്റിക് മീറ്റിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മൂന്നു ദിവസങ്ങളിലായി (ഡിസംബർ 12-14) നടക്കുന്ന കായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടൻ നിർവഹിച്ചു.സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ സ്വാഗതമാശംസിച്ചു. മനീഷ് മേനോൻ ദീപശിഖാ പ്രയാണം നടത്തി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.സ്പോർട്സ് കോർഡിനേറ്റർ ഡോ. എം.എസ്. ഗോവിന്ദൻകുട്ടി, സി-സോൺ കൺവീനർ ഇ.ജെ. ജോർജ്, പി.ടി.എ. പ്രസിഡന്റ് ബാലൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളജ് കായിക വിഭാഗം മേധാവി ഡോ. എം.വി. അജയ്ഘോഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
