ഓസ്ട്രേലിയൻ സെനറ്റിലേക്ക് മത്സരിക്കാൻ മലയാളി

കൊല്ലം:
ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായി കൊല്ലം സ്വദേശി ജേക്കബ് തരകൻ. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് ജേക്കബ് തരകൻ മത്സരിക്കുന്നത്. കൊല്ലം പട്ടത്താനം വടക്കേടത്ത് വീട്ടിൽ പരേതനായ വി സി ചാക്കോ തരകന്റെയും രാജമ്മയുടെയും ഇളയമകനാണ്. മൂന്നു വർഷമാണ് സെനറ്റിന്റെ കാലാവധി. ഓസ്ട്രേലിയയിലെ മുഖ്യ പാർട്ടികളിൽ സെനറ്റ് അംഗമായി മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജേക്കബ് തരകൻ. തലസ്ഥാനമായ കാൻബറ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാർഥിയാകുന്നത്. മുൻഗണന വോട്ടിങ് രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 33 ശതമാനത്തിലധികം വോട്ടു നേടുന്ന രണ്ടു പേരാണ് സെനറ്റിൽ എസിടിയെ പ്രതിനിധീകരിക്കുക. കൊല്ലം ടികെഎം കോളേജിൽനിന്ന് ബികോം പാസ്സായി 1998 ലാണ് ജേക്കബ് എംബിഎ പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്.ഭാര്യ ബിനു ജേക്കബ് സർക്കാർ ഉദ്യോഗസ്ഥയാണ്.