കാനനപാതകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി

ശബരിമല:
കാനനപാതകളിലൂടെ വരുന്ന തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഈ മണ്ഡലകാലത്ത് വർധിച്ചിട്ടുണ്ട്. ഇതുവരെ ലക്ഷത്തിനടുത്ത് തീർഥാടകർ കാനന പാതകൾ വഴി ശബരി മലയിലെത്തി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇരു കാനനപാതകളിലും വനംവകുപ്പും, പൊലീസും,മറ്റ് സേനാ വിഭാഗങ്ങളും സജ്ജമാക്കിയത്. എരുമേലി വഴി വരുന്ന തീർഥാടകർക്ക് വൈകിട്ട് നാലിന് ശേഷം യാത്ര ചെയ്യാൻ അനുമതിയില്ല. ഈ സമയത്തിനുള്ളിൽ അടുത്ത സുരക്ഷിത സങ്കേതത്തിലെത്താൻ സാധിക്കുന്നവരെ മാത്രമേ ഓരോ പോയിന്റിൽ നിന്ന് കടത്തിവിടു. പമ്പ വരെ ആകെ 48 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ വിവിധയിടങ്ങളിലായി 35 വനം വകുപ്പ് ജീവനക്കാർ, 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ,, 30 എലഫന്റ് സ്ക്വാഡ് അംഗങ്ങൾ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേയ്ക്കുള്ള 12 കിലോമീറ്റർ പാതയാണ് അധികം തീർഥാടകർ ആശ്രയിക്കുന്നത്.