ബിജെപിയെ പോലെ ശക്തവും സുസംഘടിതവുമായ മറ്റൊരു പാർട്ടിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം

ബിജെപിയെ പോലെ ശക്തവും സുസംഘടിതവുമായ മറ്റൊരു പാർട്ടിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പ്രതിപക്ഷ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്ന് പറഞ്ഞുകൊണ്ട് ചിദംബരം ഇന്ത്യാ മുന്നണിയെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. സൽമാൻ ഖുർഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും ‘കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“(ഇന്ത്യാ മുന്നണിയുടെ) ഭാവി മൃത്യുഞ്ജയ് സിംഗ് യാദവ് പറഞ്ഞതുപോലെ അത്ര ശോഭനമല്ല. സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നു, പക്ഷേ എനിക്ക് ഉറപ്പില്ല,” ചിദംബരം ചടങ്ങിൽ പറഞ്ഞു. “സൽമാന് (ഖുർഷിദ്) മാത്രമേ ഉത്തരം നൽകാൻ കഴിയൂ, കാരണം അദ്ദേഹം ഇന്ത്യാ ബ്ലോക്കിനായുള്ള ചർച്ചാ സംഘത്തിന്റെ ഭാഗമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.